8 പ്രേമകഥകൾ 8 Premakadhakal
പ്രണയത്തിൻ്റെ മുഖം നോക്കി സംസാരിക്കുന്ന ചെറുകഥാ സമാഹാരം.
Aakaasam Petta Thumpikal ആകാശം പെറ്റ തുമ്പികൾ
വായനക്കാരനെ ദുർഗ്രഹതയുടെ രാവണൻ കോട്ട ചുറ്റിക്കാതെ സരളമായും ശാന്തമായും കഥ പറയാൻ ശ്രമിക്കണം എന്നൊരു നിഷ്കർഷബുദ്ധി മോബിൻ മോഹനുണ്ട്. ചെറുതെന്നോ വലുതെന്നോ ഭേദമില്ലാതെ ആശയം ആവശ്യപ്പെടുന്ന ദൈർഘ്യം നൽകിക്കൊണ്ട് എഴുതപ്പെട്ട, തികച്ചും വായനക്ഷമമായ കഥകൾ, ചിലതൊക്കെ വായനാശേഷവും നമ്മിൽ നേർത്ത അസ്വാസ്ഥ്യമായി അവശേഷിക്കും.
- സോക്രട്ടീസ് കെ. വാലത്ത്
Bigfish Smallfish ബിഗ്ഫിഷ് സ്മാൾഫിഷ്
ആകുലവും കാതരവുമായ മനുഷ്യബന്ധങ്ങളെ, അതിന്റെ സ്ഥലകാലങ്ങളെ, ആഴങ്ങളെ തെരഞ്ഞുപോകുന്ന കഥകൾ. വേരുകൾ പറിഞ്ഞുപോകുന്നതിന്റെയും നട്ടുപിടിപ്പിക്കുന്നതിന്റെയും ഒച്ചകൾ ഇതിൽ ഉണ്ട്. മായികമായ കാഴ്ചകളിലും ജന്മകല്പനകളിലും ഭ്രമിക്കുകയും അഭിരമിക്കുകയും ചെയ്യുന്ന മനുഷ്യർ ഇതിലുണ്ട്. നാട്ടിലും പുറംനാട്ടിലും തനതുമണങ്ങൾ കാത്തുവയ്ക്കുന്നതിന്റെ കൊതിപ്പിക്കുന്ന ചിത്രങ്ങളുണ്ട്. ഹൃദയത്തിൽ കണ്ണീർത്തുള്ളികൾ പതിയെ വീഴുന്നതിന്റെ നീറ്റലുണ്ട്. കുടുംബബന്ധങ്ങളിലെ ബിഗ് ഫിഷും സ്മാൾ ഫിഷും ജീവിതത്തിന്റെ അക്വേറിയത്തിൽ ഇടയുന്നതിന്റെയും ഇടകലരുന്നതിന്റെയും ഓർമ്മകളും വർത്തമാനങ്ങളും മധുരമായ പകവീട്ടലുകളുമുണ്ട്. ആകസ്മികതകളും അമ്പരപ്പുകളും നിലതെറ്റിക്കുന്ന ലാളിത്യത്തിൽ പകർന്നുവയ്ക്കുന്ന ആഖ്യാനങ്ങൾ. സുഗാത്രിണി, ഭഗവദ് ഗീത വീഴുമ്പോൾ, തിരക്കഥയിലെ തിരുത്ത്, പൂഞ്ഞാറിൽ നിന്നുള്ള കാറ്റ്, ബിഗ് ഫിഷ് സ്മാൾ ഫിഷ്, ചെമ്പരത്തി നടുന്നവർ തുടങ്ങി പന്ത്രണ്ട് കഥകൾ, കൈവയ്ക്കുന്നതിലെല്ലാം അപാരമായ സർഗ്ഗാത്മകത തൂവുന്ന എതിരൻ കതിരവന്റെ മറ്റൊരു നടപ്പാതയാണ് ഈ കഥകൾ.
Children of the Sun, Sand and Seas
Gooddam ഗൂഢം
ചമയങ്ങളില്ലാത്ത മനുഷ്യർ നമ്മുടെ മുൻപിൽ വന്നുനിന്ന് ജീവിതം പറയുന്ന കഥകളുടെ സമാഹാരം. നാം കാണാതെപോകുന്ന മനുഷ്യർ, നാമറിയാതെ പോകുന്ന സന്ദർഭങ്ങൾ, നാം പാർശ്വവൽക്കരിച്ച വർഗ്ഗങ്ങൾ, കണ്ണീർത്തുള്ളിപോലെ ഉറഞ്ഞുപോയ ജീവിതം അതിന്റെ സ്വന്തം ഭാഷയിൽ സംസാരിക്കുന്ന കഥകൾ. എത്രയൊക്കെ നാം ആട്ടിയകറ്റിയാലും പിന്നെയും പിന്നെയും നമ്മുടെ കൺമുന്നിലേക്ക് തിരികെവരുന്ന സത്യങ്ങൾ. സാധാരണമായ ജീവിതത്തിലെ അസാധാരണമായ നടുക്കങ്ങളെയും ദർശനങ്ങളേയും തനതുഭാഷയിലും ആഖ്യാനത്തിലും കോർത്തുവെയ്ക്കുന്ന കഥകൾ. വായിച്ചാൽ നാം അതിൽ പെട്ടുപോകുമെന്നതിൽ തർക്കമില്ല. ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ഫോക്കസ് ചെയ്ത ഒരു കൂട്ടം കഥകളുടെ സമാഹാരം.
Ikkare ഇക്കരെ
ജീവിതത്തിന്റെ ഉപ്പുജലത്തിൽനിന്നും കോരിയെടുത്ത ഗാഢമായ അനുഭവകഥകളാണീ പുസ്തകത്തിൽ നിറയുന്നത്. കടൽകടന്നുപോയ മനുഷ്യരുടെ രക്തത്തിലും മാംസത്തിലും മനസ്സിലും ഭാവിയിലും വിധി കൊത്തിവച്ച മുറിവുകളുടെ സ്മാരകങ്ങൾ ഇതിലെ ഓരോവരിയിലുമുണ്ട്. മനുഷ്യന്റെ എല്ലാ കഥകളും ജീവിതം നിർമ്മിക്കുന്ന ദയാരഹിതമായ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് ഈ പുസ്തകത്തിന്റെ വായന പറഞ്ഞു തരും. പ്രണയവും ചങ്ങാത്തവും പാരസ്പര്യവും കരുതലും സ്നേഹവും ഓർമ്മകളും വിഹ്വലതകളും അലച്ചിലുകളും കാത്തിരിപ്പുകളും പിന്മടക്കങ്ങളുമെല്ലാം എങ്ങനെയാണ്. ഓരോ ഹൃദയത്തിലും അനുഭവങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഈ പുസ്തകം പറഞ്ഞുതരും. കണ്ണീരും ദയയും സ്നേഹവുംകൊണ്ട് നിർമ്മിച്ച ഈ കഥകൾ ജീവിതമേ നീയെന്ത് എന്ന് സ്വയം ചോദിക്കാൻ പ്രേരണനൽകും.
Pathichi പതിച്ചി
സ്ത്രീപക്ഷ ചിന്തയേക്കാൾ ലിംഗസമത്വമെന്ന മാനവികനീതിയാണ് ഈ കഥകളുടെ കാതൽ. സ്ത്രീയും പുരുഷനും കലർന്ന് സമ്പുഷ്ടമാക്കേണ്ട ഒരു മാനവീയതയെ ചൊല്ലിയുള്ള കരുതലും ആകാംക്ഷയും ഈ കഥകളെ ഭംഗിപ്പെടുത്തുന്നുണ്ട്. ഒറ്റലിംഗമോ മറുലിംഗമോ ഭിന്നലിംഗമോ അല്ല, മറിച്ച് ആരോഗ്യകരമായ ലിംഗനീതിയെക്കുറിച്ചുള്ള ധാരണകളാണ് ഇവിടെ എഴുത്തിനെ മിടിപ്പിക്കുന്നത്. നിർവചിക്കപ്പെടാനും വർണ്ണിക്കപ്പെടാനും തിടുക്കം കൂട്ടാതെ ഈ സമാഹാരത്തിലെ കഥകളിലുടനീളം വ്യക്തിയുടെ ഉള്ളിലെ അശാന്തി സന്നിഹിതമാകുന്നുണ്ട്. ആർ ഷഹിനയെ ശ്രദ്ധിക്കാനും വേറിട്ട് വായിക്കാനും നമുക്ക് പ്രേരണയാകുന്നതും ഈ അതിർകവിയലുകൾ തന്നെ. ജാഡകളില്ലാത്ത മലയാളം ഈ കഥകളുടെ സവിശേഷതയാണ്
പി.ജെ.ജെ.ആന്റണി
Sankatmochan സങ്കട്മോചൻ
സി. വി. ശ്രീരാമന്റെ പേരിലുള്ള ഖത്തർ സംസ്കൃതിയുടെ പുരസ്കാരം നേടിയ സങ്കട് മോചൻ അടക്കം ശ്രദ്ധിക്കപ്പെട്ട കഥകളുടെ സമാഹാരമാണിത്. വിവിധ സമയങ്ങളിൽ മലയാളത്തിലെ ആനുകാലികങ്ങളിൽ വന്ന പത്ത് കഥകൾ, രാഷ്ട്രീയവും ചരിത്രവും സ്വപ്നങ്ങളും വ്യാപിച്ചുകിടക്കുന്ന കഥകൾ. ഓരോ കഥയും ഭാഷ കൊണ്ടും പരിചരണം കൊണ്ടും വൈവിദ്ധ്യപൂർണ്ണമായ വായനാനുഭവമാക്കിത്തീർക്കുന്ന മികച്ച സമാഹാരം.