ആൽമരം ബോധോദയത്തിൻ്റെ പ്രതീകമാണല്ലോ; അപ്പോൾ, അതിൻ്റെ ബോൺസായ് രൂപമോ? അത്രയ്ക്കുമുടൽ ചെറുതായ ഒരു ബുദ്ധന് മാത്രം അവിടെ വെച്ച് ആത്മബോധത്തിൻ്റെ നിലാവ് തെളിഞ്ഞു കിട്ടുമോ? അവിടേയ്ക്ക് പാകത്തിൽ ചെറുതായ ഒരുടലുമായി കവിത അലയുന്നുണ്ടാവുമോ! എത്രയോ വിചാരങ്ങളിലേയ്ക്ക് തുറക്കാനാവുന്നൊരു പേരാണിത്: ‘ആൽമരത്തിൻ്റെ ബോൺസായ് ബുദ്ധനോട്’. ശ്രീ എൻ.ബി. സുരേഷിൻ്റെ കവിതാസമാഹാരം. തികച്ചും പരിചിതമെന്നു തോന്നാവുന്ന, എന്നാൽ, ഓരോ കാഴ്ചയിലും നിസ്സംഗതകൊണ്ട് കൂർപ്പിച്ച ആത്മസംഘർഷം ഒളിപ്പിച്ചുവെച്ച, ഒരുകൂട്ടം കവിതകളുടെ സമാഹാരമാണിത്. അനുഭവങ്ങളുടെ വൈവിധ്യം കൊണ്ട് അത്ഭുതപ്പെടുത്തുന്നൊരു സമാഹാരമാണിത്. എന്നാലോ, അവയൊന്നും ആൾക്കൂട്ടത്തിൻ്റെതല്ല. ഒറ്റയടിപ്പാതയിലൂടെ, ഒറ്റയ്ക്കു സഞ്ചരിക്കുന്നൊരാളുടെ കാഴ്ചകൾ. ഒറ്റയ്ക്കാണെന്ന തോന്നൽ വിടാതെ പിൻതുടരുന്നതു കൊണ്ട്, എവിടെയും ഉറച്ചു നില്ക്കാൻ വയ്യാത്തതിൻ്റെ ഉദ്വിഗ്നതകൾ. ഒറ്റയ്ക്കായതുകൊണ്ടുതന്നെ, അസത്യമോ അതിവൈകാരികതയോ ആലങ്കാരികതയോ കൊണ്ട് ആഡംബരങ്ങൾ കാണിക്കേണ്ടതില്ലാത്ത കവിതകൾ; പരുക്കത്തരവും പരിഹാസവും നേരും നിറവുമായി ഇവയിലോരോന്നിലും കലരുന്നു. ജീവിതം പരുഷമായ വൈരുധ്യങ്ങളാൽ അന്യമാകുമ്പോൾ, പ്രണയം നശ്വരതകൊണ്ട് അപ്രാപ്യമായിരിക്കുമ്പോൾ ഈ കവി പ്രകൃതിയിലേയ്ക്കലിയും: പാറിപ്പോകുന്ന ജീവൻ എന്നപോലെ എത്രയും നേർത്തൊരു ശലഭമായി മേലോട്ടുയരാൻ കൊതിയ്ക്കും, ഇലകളിൽ നിന്ന് ഇലകളിലേയ്ക്ക് തുഴഞ്ഞു നീന്തും, വീണു കിടക്കുന്ന പൂവിലെ ബാക്കിയായ തേൻ നുകരും; എപ്പോഴും ഭൂമിയെക്കുറിച്ച് ഒരു സ്വപ്നം കെടാതെ സൂക്ഷിയ്ക്കും:
ഇ എം സുരജ
Reviews
There are no reviews yet.