വിശേഷപ്പെട്ട ഒരു തരം മെറ്റാഫിസിക്കൽ പോയട്രിയാണ് മഞ്ജുവിന്റേത്. സ്ഥാവരങ്ങ ൾ ഇക്കവിതകളിൽ യാത്ര ചെയ്യുന്നു. വീടും മുറിയും ജാലകവും കടലുമൊക്കെ സഞ്ചരിക്കുന്നു. പറന്നുപോവുന്ന പാറയിൽച്ചാരി ഒരുവളിരിക്കുന്നു. ചിറകുകളിൽനിന്ന് ആകാശം കുടഞ്ഞിടുന്ന തുമ്പികൾ. ഇരിക്കപ്പൊറുതിയില്ല ഒന്നിനും. പക്ഷെ എല്ലാറ്റിനുമടിയിൽ ഏകാന്തതയുണ്ട്. മുഷിവുകളോട് മല്ലിട്ട ഒരുത്തിയുണ്ട്. എങ്ങനെ തരണം ചെയ്തു താനീ ഏകാന്തയെ എന്നതിന്റെ സാക്ഷ്യപത്രങ്ങളാണവ. മുൾപ്പാതകളിൽ ലാഘവത്തോടെ നടക്കുന്നു മഞ്ജു. സ്വയം കാക്കുന്ന ഭാഷയാണ് കവിതയെന്ന് തോന്നുന്നു. അതിൽത്തന്നെ പൂർണ്ണമായിരുന്നുകൊണ്ട് അത് അതിൽപ്പരമായിരിക്കുന്നു. അപ്പുറവുമായിരിക്കുന്ന ഒരിപ്പുറമാണത്. അതിലൊതുങ്ങാത്ത അനുഭവ തീക്ഷ്ണതയാണീക്കവിതകളെ ഗാഢമാക്കുന്നത്. ‘ ഞാ ൻ മാത്രം കേട്ട എന്റെ കരച്ചിൽ’ നന്നായാവിഷ്കരണം നേടിയിട്ടുണ്ടവയിൽ. ഏകാന്തതയിലും ഉപേക്ഷയിലും വേവിച്ചെടുത്ത ഈ കവിതകൾ സമാനമനസ്സുകളെ കാത്തിരുന്നതാവാം.’ എത്ര അഗാധതലങ്ങളിൽ നിന്നു വരുന്നു നമ്മുടെ പുഞ്ചിരി പോലും ‘ എന്ന പണിക്കരുടെ വരി ഞാൻ വ്യാപ്തിയോടെ ഓർക്കുന്നു ഈ പുസ്തകത്തിലിരുന്ന്.
കല്പറ്റ നാരായണൻ
Reviews
There are no reviews yet.