പരീക്ഷണങ്ങളുടെ പുസ്തകം എന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് രാജേഷ് ചിത്തിരയുടെ ഉളിപ്പേച്ച് എന്ന കവിതാ സമാഹാരം. ഭാഷയുടെ വേലിക്കെട്ടുകളെ തകര്‍ത്ത്, യാഥാസ്ഥികവൃത്തങ്ങളില് വട്ടം കറങ്ങാതെ, എന്താണ് കവിത, എന്താവണം കവിത എന്നീ ചോദ്യം സ്വയം ചോദിച്ച് ചിന്തകളെ പാടി നടക്കുന്ന കവിയെയാണ് ഇതില്‍ കാണാനാവുക. പേര് കേള്‍ക്കുമ്പോള്‍ പ്രതീക്ഷിക്കുന്നത് പോലെ ചെത്തി മിനുക്കിയ രൂപങ്ങളല്ല, ലാളിത്യത്തിന്റെ മിനുസമുള്ള പുറങ്ങളെ കൊത്തി യാഥാര്‍ത്ഥ്യത്തിന്റെ ഓര്‍മ്മകളാല്‍ പരുപരുത്തതാക്കിയവയാണ് ഇതിലെ കവിതകള്‍. കടല്പ്പരപ്പില് ചെറു മീനുകളെ പിടിച്ചു തിരിച്ചു പോകാനൊരുങ്ങുന്ന വെറും മുക്കുവനെ ആഴക്കടലിന്റെ വിസ്മയങ്ങളിലേക്ക് ആകര്‍ഷിച്ച് വന്‍ മത്സ്യങ്ങളെ കാട്ടിക്കൊടുത്ത് ഒരു നല്ല മീന്വേട്ടക്കാരനാക്കാന് ഈ പുസ്തകം പ്രേരിപ്പിക്കും. ശ്വാസം കിട്ടാതെ ആ മുക്കുവന് ആദ്യമൊക്കെ പൊങ്ങി വരുമായിരിക്കും. പക്ഷെ, വന്‍ മത്സ്യങ്ങളുടെ കാഴ്ച അവനെ എന്നും പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും.
ചുരുക്കത്തില്‍, ആഴമുള്ള വായന ആവശ്യപ്പെടുന്ന ഒന്നാണ് രാജേഷ് ചിത്തിരയുടെ ഉളിപ്പേച്ച്. കവ്യഭംഗി ഈ കവിതകളില്‍ നല്ല വണ്ണം ചിതറിക്കിടപ്പുണ്ട്. സമൃദ്ധമായ ഭാവനയിലുയിര്കൊണ്ട പ്രതീകങ്ങളും നല്ല ഒരു ചിത്രകാരന്റെ വിരല്‍ത്തുമ്പിലെ ബ്രഷിന്റെ ഒഴുക്ക് പോലെ കവിയുടെ ഇച്ഛക്കൊത്തൊഴുകുന്ന ഭാഷയും നവ സമൂഹത്തിനായുള്ള കാഴ്ചപ്പാടുകളും ഈ കവിതാ സമാഹാരത്തിന്റെ ഗുണങ്ങളാണ്.
-പോൾ സെബാസ്റ്റ്യൻ
Reviews
There are no reviews yet.